30/10/2025
കെ.എസ്.എഫ്.ഇ യുടെ ഒപ്പം നടന്ന് ഖാർദുംഗ് ലാ കീഴടക്കി: സോജ സിയയുടെ മിന്നുന്ന നേട്ടത്തെ അഭിനന്ദിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ
കെ.എസ്.എഫ്.ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റും ഐടെൻ റണ്ണേഴ്സ് ക്ലബ്ബിലെ സജീവ അംഗവുമായ സോജ, ലോകത്തിലെ ഏറ്റവും ദുഷ്‌കരമായ അൾട്രാ മാരത്തോണുകളിലൊന്നായ ഖാർദുംഗ് ലാ ചലഞ്ച് (72 കി.മീ., 5370 മീറ്റർ ഉയരം) വിജയകരമായി പൂർത്തിയാക്കി. കടുത്ത കാലാവസ്ഥയും ശാരീരിക വെല്ലുവിളികളും അതിജീവിച്ച്, 14 മണിക്കൂർ സമയപരിധിക്കുള്ളിൽ ഓട്ടം പൂർത്തിയാക്കിയ സോജ സിയ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളി വനിത എന്ന ബഹുമതിയും സ്വന്തമാക്കി. ഖാർദുംഗ് ലാ അൾട്രാമാരത്തോണിൽ സോജയെ സ്പോൺസർ ചെയ്തത് കെ.എസ്.എഫ്.ഇ യാണ്. ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ സോജയെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അഭിനന്ദിച്ചു.
"സാധാരണഗതിയിൽ തന്നെ അതിതീവ്ര കാലാവസ്ഥയാണ് ചലഞ്ച് നടക്കുന്ന പ്രദേശങ്ങളിൽ. അത്തരം ഒരു പ്രദേശത്ത് മാരത്തോൺ സമയബന്ധിതമായി ഓടി പൂർത്തിയാക്കുക എന്നത് കായികമായി അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതാണ്. സോജയുടെ ശ്രമങ്ങൾക്കും, പരിപൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്ന കെ.എസ്.എഫ്.ഇ ക്കും അഭിനന്ദനങ്ങൾ", മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരം നൽകി ആദരിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദാരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ തുടങ്ങിയവർ പങ്കെടുത്തു.
ദ്രോണാചാര്യ അവാർഡ് ജേതാവും പ്രശസ്ത അത്‌ലറ്റിക്സ് പരിശീലകനുമായ കെ.പി. തോമസ് മാഷിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളാണ് സോജാ സിയ.
ആദ്യം ചെറിയ ദൂര ഓട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച സോജ, നാവിക സേന നടത്തിയ മാരത്തോണുകളിൽ പങ്കെടുത്തു. അവിടെ നിന്ന് ഫുൾ മാരത്തോണുകളിലേക്കും തുടർന്ന് അൾട്രാ റണ്ണുകളിലേക്കും വഴി മാറി. കർണാടകയിലെ മലനാട് അൾട്രാ റണ്ണിൽ പങ്കെടുത്തത് ഈ പാതയിലെ പ്രധാന നാഴികക്കല്ലാണ്.
ഓട്ടത്തിലുള്ള തന്റെ കഴിവുകൾക്ക് അന്താരാഷ്ട്ര വേദിയിലും സോജ അംഗീകാരം നേടി. മലേഷ്യയിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സോജ, 1500 മീറ്റർ മിഡിൽ ഡിസ്റ്റൻസ് ഓട്ടത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി വെള്ളി മെഡൽ നേടി.
സോജയുടെ ഈ നേട്ടത്തിൽ കെ.എസ്.എഫ്.ഇ യുടെ മാനേജ്‌മെന്റും സഹപ്രവർത്തകരും സന്തോഷപൂർവ്വം പങ്കുചേരുന്നു. ജീവനക്കാരുടെ സ്വപ്നങ്ങൾക്ക് കെ.എസ്.എഫ്.ഇ നൽകുന്ന പ്രോത്സാഹനത്തിന്റെയും ധൈര്യത്തിന്റെയും നേർസാക്ഷ്യമാണ് സോജയുടെ നേട്ടം.