27/10/2021
കേരളത്തിൻ്റെ ഭാവിചിത്രം ശോഭനമാക്കുന്ന ഒരു പുതിയ പദ്ധതിക്ക് നോർക്ക റൂട്ട്സും കെ എസ് എഫ് ഇ യും ചേർന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. പ്രവാസി ഭദ്രത മൈക്രോ സ്കീം ( PBMS) എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് ( 26 / 10 / 2021 ) തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വെച്ച് ബഹു. ധനകാര്യമന്ത്രി അഡ്വ. കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു. കെ എസ് എഫ് ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ , പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ .ഇളങ്കോവൻ എന്നിവർ സംബന്ധിച്ച പരിപാടിയിൽ കെ.എസ്.എഫ്.ഇ യെ പ്രതിനിധീകരിച്ച് ഞാനും നോർക്കയെ പ്രതിനിധീകരിച്ച് സി.ഇ. ഓ ഹരികൃഷ്ണൻ നമ്പൂതിരിയും ധാരണാപത്രം കൈമാറി. ചടങ്ങിൽ കെ എസ് എഫ് ഇ യുടേയും നോർക്ക റൂട്ട്സിൻ്റേയും ഉന്നത ഉദ്യോഗസ്ഥരും ഡയറക്ടർ ബോർഡ് അംഗങ്ങളും വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ വിദേശവാസം അവസാനിപ്പിക്കാൻ നിർബന്ധിതരാകുകയും കേരളത്തിൽ സ്ഥിരതാമസമാക്കാൻ തിരിച്ചെത്തുകയും ചെയ്ത പ്രവാസിമലയാളികളുടെ നവജീവനത്തിന് സഹായിക്കുന്ന ഉത്തമപദ്ധതിയാണ് PBMS. നാട്ടിൽ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രസ്തുത വ്യക്തികൾക്ക് സാമ്പത്തിക സഹായത്തിനായി കെ.എസ്.എഫ്.ഇ യെ സമീപിക്കാവുന്നതാണ്. അവർക്ക് മതിയായ ജാമ്യത്തിൻ്റെ അടിസ്ഥാനത്തിൽ സംരംഭത്തിൻ്റെ സ്വഭാവമനുസരിച്ച് പരമാവധി 5 ലക്ഷം രൂപ വരെ ഈ പദ്ധതിക്ക് കീഴിൽ വായ്പ ലഭിക്കുന്നതാണ്. 9% മാത്രം പലിശ നിരക്കാണ് ഇതിന് നിശ്ചയിച്ചിട്ടുള്ളതെങ്കിലും സർക്കാരിന് വേണ്ടി നോർക്ക 3% പലിശ സബ്സിഡി വായ്പക്കാർക്ക് അനുവദിക്കുന്നത് കൊണ്ട് 6 % പലിശ നിരക്കേ വായ്പക്കാർ വഹിക്കേണ്ടതുള്ളു. അതുപോലെത്തന്നെ വായ്പത്തുകയുടെ 25% ( പരമാവധി 1 ലക്ഷം രൂപ വരെ ) സർക്കാർ സബ്സിഡി നോർക്ക വഴി ലഭിക്കുന്നതിനാൽ 5 ലക്ഷം രൂപ വായ്പയെടുത്തവർ 4 ലക്ഷം രൂപയേ തിരിച്ചടക്കേണ്ടതുള്ളൂ. 4 ലക്ഷം രൂപ വായ്പ എടുത്തവർ തിരിച്ചടക്കേണ്ട സംഖ്യ 3 ലക്ഷം രൂപ മാത്രമാണ്.
നാളെ ( 27/ 10 / 2021 ) മുതൽ എല്ലാ കെ എസ് എഫ് ഇ ശാഖകളിലും അപേക്ഷാ ഫോറം ലഭ്യമായിരിക്കും. വിശദവിവരങ്ങൾ ശാഖാ മാനേജർമാർ നൽകുന്നതായിരിക്കും.
നാട്ടിൽ തിരിച്ചു വന്ന പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറാൻ പോകുന്ന ഈ പദ്ധതിയിൽ വലിയ പങ്കാളിത്തം കൈയാളാൻ കഴിഞ്ഞതിൽ കെ എസ് എഫ് ഇ യ്ക്ക് അഭിമാനമുണ്ട്. പ്രവാസി ചിട്ടിക്ക് ശേഷം പ്രവാസിജീവിതത്തിൽ ഇടപെടുന്ന മറ്റൊരു പദ്ധതി കൂടി ഞങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ്. പ്രവാസികൾ തുടങ്ങുന്ന സംരംഭങ്ങളെ വിജയപ്രദമാക്കേണ്ടത് നമ്മൾ കേരളനിവാസികളുടെ ഉത്തരവാദിത്വവും കടമയും ആണ്.
അതിനാൽ പ്രവാസജീവിതത്തിൻ്റെ അനുഭവ പാരമ്പര്യവുമായി നാട്ടിൽ സംരംഭകരായി മുന്നോട്ടു വരുന്നവരേ, നിങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ കെ എസ് എഫ് ഇ യ്ക്ക് അതിയായ സന്തോഷമുണ്ട്. നമുക്കൊന്നിച്ച് പുതിയൊരു നാട് പണിതുയർത്താം