13/10/2020
#മലമുഴക്കികൾ_ഇവിടെയുണ്ടാകും
മലമുഴക്കിയ്ക്ക് (വേഴാമ്പൽ) ജീവിതത്തിൽ ഒരേ ഒരു ഇണയേ ഉണ്ടാകൂ.. ജീവിതകാലം മുഴുവൻ തന്റെ ബന്ധത്തിന്റെ വിശുദ്ധിയും, വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന പക്ഷിയാണ് മലമുഴക്കി.
ഈ പ്രകൃതിസംരക്ഷണ കൂട്ടായ്മയുടെ ചിന്ത ആദ്യം മുളച്ചപ്പോൾത്തന്നെ ഉരുത്തിരിഞ്ഞ പേരാണ് 'മലമുഴക്കികൾ'. അതുകൊണ്ടുതന്നെ മലമുഴക്കികൾക്ക് രാഷ്ട്രീയ ബാദ്ധ്യതകളുടെ വിഴുപ്പു ചുമ്മേണ്ട കാര്യമില്ല. മലമുഴക്കികൾക്ക് പ്രതിബദ്ധതയുള്ളത് ഈ നാടിനോടും, നാട്ടുകാരോടുമാണ്. ഇതിന്റെ പ്രകൃതിപരിസരങ്ങളെ സംരക്ഷിച്ചുനിലനിർത്തുകയും, പ്രകൃതിചൂഷണങ്ങൾക്കെതിരെ പോരാടുകയും ചെയ്യുന്നതിൽ അവസാനത്തോളം വിശ്വസ്തതയും, വിശുദ്ധിയും കാത്തുസൂക്ഷിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായതും, മിത്തുകളാലും ആചാരാനുഷ്ഠാനങ്ങളാലും സമ്പന്നമായതും, നമ്മുടെ സംരക്ഷണ കോട്ടകളായി നിലകൊള്ളുന്നതുമായ ഈ നാടിന്റെ പൈതൃക സമ്പത്തിനെ തകർക്കാനുള്ള ഏതു നീക്കങ്ങളേയും എതിർക്കുവാനല്ലാതെ സമരസപ്പെടാൻ ഞങ്ങൾക്കറിയില്ല.
മനസ്സിൽ മുൻകൂട്ടിയെറിഞ്ഞ് പ്രക്ഷോഭങ്ങൾ ആദ്യം തുടങ്ങി കളംപിടിച്ച് അകത്തുനിന്നുകൊണ്ടു തന്നെ സമരത്തെ തകർത്തു കയ്യിൽ കൊടുക്കുന്ന, പ്രകൃതി സ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ രാഷ്ട്രീയ പോഷക സംഘടനകൾ കേരളത്തിൽ കൂണുപോലെയുണ്ട്. ഒരു പ്രശ്നം വരുമ്പോൾ ഇടപെടാനുള്ള സമയവും സന്ദർഭവും കണിയാനെക്കൊണ്ട് കുറിപ്പിച്ച് കൊട്ടിക്കലാശത്തിന് രംഗത്തിറങ്ങുന്ന സ്വയംപോഷക സംഘടനകളും ഈ കേരളത്തിൽ ധാരാളമുണ്ട്. മലമുഴക്കികൾ വ്യത്യസ്തരാകുന്നത് അവിടെയാണെന്നാണ് ഞങ്ങളുടെ വിശ്വാസം.
മലമുഴക്കികൾക്ക് രാഷ്ട്രീയമില്ല. പ്രകൃതിയുടെ സ്വഭാവികതയുടെ സൗന്ദര്യത്തിലാണ് ഞങ്ങളുടെ രാഷട്രീയം ഉറച്ചിരിക്കുന്നത്. ലക്ഷ്യത്തിൽ നിന്ന് പിറകോട്ട് വലിക്കുന്ന മത-രാഷ്ട്രീയ-രക്തബന്ധങ്ങളുടെ അദൃശ്യ ചരടുകളാൽ മലമുഴക്കികളുടെ കരങ്ങൾ കെട്ടപ്പെട്ടിട്ടില്ല; നിയന്ത്രിക്കപ്പെട്ടിട്ടില്ല.. ഇനിമേലിൽ ഉണ്ടാവുകയുമില്ല.
നാമും, നമ്മുടെ തലമുറകളും ഈ നാട്ടിൽ ജീവിച്ചിരിക്കേണ്ടതിന് ഈ മലനിരകൾ നിലനിൽക്കണം.. കവളപ്പാറയും, പെട്ടിമുടിയും പോലെ ഈ നാട് മുഴുവനായും മണ്ണിലാണ്ടു പോവാതിരിക്കാനായി ഈ മലനിരകൾ നിലനിൽക്കണം.. നമുക്ക് ആവശ്യത്തിന് മഴയും, മഞ്ഞും, വെയിലും, ജലവും, വസന്തവും നൽകാൻ ഈ മലനിരകൾ നിലനിൽക്കണം... നമ്മുടെ കൺമുന്നിൽ നമ്മുടെ പ്രിയപ്പെട്ടവർ അതിമാരകമായ ശ്വാസകോശ രോഗങ്ങളും, ക്യാൻസറും വന്ന് ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുന്നത് നിയന്ത്രിക്കാൻ ഈ മലനിരകൾ നിലനിൽക്കണം...
നമ്മുടെ തലമുറകൾക്ക് മുകളിൽ കയറി ഉദയാസ്തമനങ്ങൾ കാണുവാനും, മഞ്ഞിനെയും മേഘപാളികളെയും കൈതൊട്ടു പുൽകുവാനും, വീശുന്ന കാറ്റിൽ ഇഴചേർന്നു നിൽക്കാനും, ബാല്യസന്തോഷങ്ങളുടെ പട്ടം പറത്താനും ഈ മലനിരകൾ ശാശ്വതമായി നിലനിൽക്കണം പ്രിയ ഹൃദയങ്ങളേ.. ഒരിക്കലെങ്കിലും ഒരു സായന്തനത്തിൽ അതിനു മുകളിൽ പോയി ഇരുന്നിട്ടുള്ള ഒരാൾക്കു പോലും മലമുഴക്കികളുടെയീ ഹൃദയസ്പന്ദനം കേൾക്കാതെ പോകാനാവില്ല..
ഈ ഒരൊറ്റ ലക്ഷ്യത്തിനായ് മലമുഴക്കികൾക്ക് എല്ലാവരേയും വേണം. ഇതിനോട് ചേർന്നു നിൽക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും, എല്ലാ പരിസ്ഥിതി കൂട്ടായ്മകളെയും മത-സാമുദായിക സംഘടനകളേയും മലമുഴക്കികൾ വിശ്വാസത്തിലെടുക്കും. അതിൽ മുൻതൂക്കമോ, പക്ഷഭേദമോ ഇല്ല.
മലമുഴക്കികൾ പേരിനപ്പുറത്തേക്ക് ഏറക്കുറെ അദൃശ്യരാണ്. കാരണം മലമുഴക്കികൾ എന്നത് ഒരു സംഘട എന്നതിലുപരി മഹത്തായ ഒരാശയമാണ്.. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി പേർ ഈ ആശയത്തോട് ചേർന്നു നിൽക്കുന്നു.. അവരിരിക്കുന്ന ഇടങ്ങളിൽ നിന്നുകൊണ്ടുതന്നെ ഈ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നു, ബന്ധങ്ങൾ നൽകുന്നു, നിയമസഹായം നൽകുന്നു, വാക്കുകൾ നൽകുന്നു, സ്നേഹം നൽകുന്നു. ഇതിൽ വിവിധ രാഷ്ടീയ-മത സംഹിതകളിൽ അടിയുറച്ചു വിശ്വസിക്കുന്നവരുണ്ട്. പക്ഷേ, ആ ചെരുപ്പുകൾ പാറയുടെ ചുവട്ടിൽ ഊരിവെച്ചിട്ടേ അവർ മുകളിലേക്ക് കയറാറുള്ളൂ.
മലമുഴക്കികൾ പഞ്ചായത്തിനെതിരല്ല.. ഇന്ത്യൻ ഭരണഘടനയും, പഞ്ചായത്തീരാജും ഞങ്ങൾ വായിച്ചു പഠിച്ചിട്ടുണ്ട്. അതിൽ നിർവ്വചിച്ചിരിക്കുന്ന 'പഞ്ചായത്ത്' ഞങ്ങളുടെയും സ്വപ്നമാണ്. മലമുഴക്കികളിലെ ആർക്കും നാളെ നേതാവാകണ്ട.. വാർഡ് മെമ്പറോ, പഞ്ചായത്ത് പ്രസിഡന്റോ, MLA യോ ഒന്നും ആകണ്ട. ആകണമായിരുന്നെകിൽ എല്ലാ പ്രസ്താവനകളിലും, പോസ്റ്റുകളിലുമൊക്കെ ഞങ്ങളുടെ പേരും, ഫോട്ടോയുമൊക്കെ നിറഞ്ഞു നിന്നേനേ. അതുകൊണ്ട് അധികാരക്കസേരകളിലിരിക്കുന്നവർക്ക് പേടിവേണ്ട. പാറമുതലാളിമാരുടെ കാശിന്റെ തിളക്കം ഞങ്ങളെ ഭ്രമിപ്പിക്കില്ല.. അതിൽ വീഴാനായിരുന്നെങ്കിൽ പണ്ടേയ്ക്കുപണ്ടേ ആവാമായിരുന്നു. അതുകൊണ്ടുതന്നെ അവർ റിക്കോർഡു ചെയ്തു സൂക്ഷിച്ചിരിക്കുന്ന സംഭാഷണങ്ങളും, ഹിഡൺ ക്യാമറാ ഫൂട്ടേജുകളും ഞങ്ങളുടെ ഉറക്കംകെടുത്തില്ല..
മലമുഴക്കികൾ ഇവിടെയുണ്ടാകും.. ഇവിടെത്തന്നെയുണ്ടാകും.. രാഷ്ട്രീയക്കസേരയിൽ തുടരാനായി മാത്രം കപട പ്രകൃതിസ്നേഹത്തിന്റെ കുപ്പായം തുന്നിയാണ് ഈ പോരാട്ടത്തിൽ ആരെങ്കിലും അണിചേർന്നതെങ്കിൽ രാഷ്ട്രീയഭേദമെന്യേ അത് പിച്ചിച്ചീന്തപ്പെടും. തിന്നാൻ വിളമ്പിവെച്ച ചോറിൽപ്പോലും പാറപ്പൊടി ചുവയ്ക്കുന്ന ഒരു ജനതയുണ്ടിവിടെ.. ആ ജനങ്ങൾ ഒറ്റക്കെട്ടായി യോഗ്യരായ പ്രതിനിധികളെ ഉയർത്തിക്കൊണ്ടുവന്നു നിർത്തുകയാണെങ്കിൽ, ഉറപ്പായും മലമുഴക്കികൾ വരുംരാഷ്ട്രീയത്തിൽ ഇടപെടുക തന്നെ ചെയ്യും. കാരണം നല്ല മനുഷ്യരിലൂടെയാണ് പ്രകൃതി നിലനിൽക്കുന്നത് ; നല്ല പ്രകൃതിയിലൂടെയാണ് മനുഷ്യൻ നിലനിൽക്കുന്നത്.
#മലമുഴക്കികൾ