09/10/2018
" മുരളിയേട്ടാ..മാർക്കറ്റിന്റെ ബോട്ടം കണ്ടു പിടിക്കാൻ എന്താണ് മാർഗ്ഗം?"
ചെറായി ബീച്ചിലിരുന്ന് കടല കൊറിക്കുന്നതിനിടെ അരുൺ ചോദിച്ചു.
"നിനക്ക് കടലിനെ പേടിയുണ്ടോ?"
മുരളി ആരാഞ്ഞു..
"വല്ലപ്പോഴും...." അരുൺ ചിരിച്ചു.
"കടലിനെ പോലെ തന്നെയാണ് സ്റ്റോക്ക് മാർക്കറ്റും..തിരമാലകളെ പോലെ വില നിലവാരം ആടിയുലയും..വൻ തിരമാലകൾ വരുന്നത് കണ്ടാൽ ചിലർ ഭയക്കും:കര തന്നെ ഇല്ലാതാവുമെന്ന് ...എന്നാൽ,അത് മടങ്ങി പോകുമ്പോൾ.മുത്തും പവിഴവും തെളിയും.."
"ഒരു മുക്കുവന്റെ സാമർഥ്യം വേണമെന്ന് ചുരുക്കം.."
"അതെ..കടലിന്റെ മക്കൾക്ക് അത് അമ്മയെപ്പോലെയാണ്..കടലമ്മ ചതിക്കില്ല..."
"വിലയുടെ ഗതി മുൻകൂർ മനസ്സിലാക്കണം അല്ലെ?"
".മുൻപുണ്ടായിരുന്ന വാങ്ങലും വില്പനയും പരിശോധിച്ചാൽ ഒരു പരിധി വരെ അതിനു കഴിയും..എന്നാൽ, പൂർണ്ണമായും ഉയർച്ച താഴ്ചകൾ ഗണിക്കാനാവില്ല.വൻ നിക്ഷേപകരുടെ ഫണ്ടുകൾ വരുന്നതും പോകുന്നതും വിപണിയുടെ ഗതിയെ സ്വാധീനിക്കും.."
"യഥാർത്ഥ ബോട്ടം അറിഞ്ഞില്ലേൽ,പിന്നെ എവിടെ നിക്ഷേപിക്കും?"
"സാഹസികതയാണ് ഒരു മുക്കുവന്റെ ശക്തി.അത് പോലെ ദൃഢ നിശ്ചയം ഉള്ള നിക്ഷേപകർക്കാണ് നേട്ടം ഉണ്ടാകുന്നത് ..ബോട്ടം തിരയുന്നവർ എന്നും അത് തിരഞ്ഞു കൊണ്ടേയിരിക്കും.മികച്ച വളർച്ചാനിരക്കുള്ള കമ്പനികളിൽ നിക്ഷേപിക്കാൻ ഇടിവുകൾ ഉപയോഗിക്കുന്നവർ ലാഭമുണ്ടാക്കും.."
"രണ്ടായിരത്തി എട്ടിലെ പോലെ കൊടും തകർച്ച ഉണ്ടായാലോ?"
"പലർക്കും ആ വര്ഷം ഭയപ്പെടുത്തുന്ന ഒരു ഓർമ്മയാണ്.എന്നാൽ,എന്റെ ഭയം മുഴുവൻ മാറിയത് അന്നാണ്.കാറും കോളുമടങ്ങി മാർക്കറ്റ് കടലമ്മയെപ്പോലെ പിന്നീട് ശാന്തസ്വരൂപിണി ആകുമെന്ന് അടുത്ത വര്ഷം എനിക്ക് മനസ്സിലായി.എന്റെ പല സുഹൃത്തുക്കളും അന്ന് സ്റ്റോക്ക് മാർക്കറ്റ് ഉപേക്ഷിച്ചു.എന്നാൽ,ഏറ്റവും വലിയ ബിയർ മാർക്കറ്റ് പോലും ഒരു വർഷമേ നീണ്ടു നിന്നുള്ളൂ..അടുത്ത ഒന്നര വര്ഷം കൊണ്ട് പഴയ ഉയരത്തിൽ വീണ്ടും എത്തി..എന്നാൽ,അത് ആഗോള സാമ്പത്തിക മാന്ദ്യം നില നിന്ന വര്ഷം ആയിരുന്നു.അത്തരം വിപണി ഉണ്ടാകുന്നത് വളരെ വിരളമാണ് . "
"ഹർഷദ് മേത്ത സംഭവം പോലെ അല്ലെ?"
"പേപ്പർ ഷെയറുകളുടെ കാലത്തെ പോലെയുള്ള കുംഭകോണങ്ങൾ ഈ ഡിജിറ്റൽ യുഗത്തിൽ നടക്കില്ല.ഇപ്പോൾ ബ്രോക്കർക്ക് ശക്തിയില്ല.നിക്ഷേപകരാണ് കാര്യങ്ങളുടെ ഗതി നിർണ്ണയിക്കുന്നത്.വിദേശ നിക്ഷേപകരുടെ കുത്തകയായിരുന്ന ഇന്ത്യൻ വിപണി ഇന്ന് തദ്ദേശീയ മ്യുച്വൽ ഫണ്ടുകളുടെ വാങ്ങൽ ശേഷിയിൽ പിടിച്ചു നിൽക്കാൻ തുടങ്ങിയിരിക്കുന്നു.കേവലം ആറു ശതമാനത്തിൽ താഴെ മാത്രം ഭാരതീയരാണ് ഇപ്പോൾ വിപണിയിൽ നിക്ഷേപിക്കുന്നത്.അടുത്ത ദശകത്തിൽ ഇത് രണ്ടിരട്ടി ആയാൽ എന്ത് സംഭവിക്കും?അതായത് ഇരുപതു ശതമാനം പേർ സ്റ്റോക്ക് മാർക്കറ്റിൽ എത്തിയാൽ..?"
"അത് നടക്കുമോ?"
അരുണിന് വിശ്വാസം വരുന്നില്ല.
"വികസിത രാജ്യങ്ങളിൽ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ ജനസംഖ്യയുടെ മുപ്പതു മുതൽ അമ്പതു ശതമാനം വരെയാണ്..ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ ആസ്തിമൂല്യത്തിന്റെ ഇരട്ടിയുള്ളവയാണ് ഹോങ്കോങ്,ലണ്ടൻ,യൂറോപ്യൻ യൂണിയൻ എന്നിവയുടെ സ്റ്റോക്ക് മാർക്കറ്റുകൾ. ചൈനീസ് സ്റ്റോക്ക് മാർക്കറ്റ് നമ്മുടെ വിപണിയെക്കാൾ രണ്ടര മടങ്ങ് വലുതാണ്.ജപ്പാന്റെ വിപണിയാകട്ടെ, മൂന്നു മടങ്ങു വലുതാണ്.അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിന്റെ ആസ്തിമൂല്യം ആകട്ടെ, ഇന്ത്യൻ വിപണിയുടെ പത്തു മടങ്ങും.! "
"അപ്പോൾ,ഇന്ത്യൻ വിപണി ഇപ്പോഴും കൗമാരം പിന്നിട്ടതേ ഉള്ളൂ, അല്ലെ?"
"അരുൺ,ഇനി പറയൂ..വിപണിയുടെ ബോട്ടം എവിടെയാണ്?"
"ഇപ്പോൾ എനിക്ക് മനസ്സിലായി മുരളിയേട്ടാ ..ബോട്ടം തിരയുന്നതിടയിൽ കാണാതെ പോകുന്നത് എന്താണെന്ന്..അത് എന്റെ രാജ്യത്തിന്റെ വളർച്ചയാണ് .ഏഷ്യൻ വൻകരയിൽ നിന്ന് ആഗോള വിപണിയുടെ നിരയിലേക്ക് നാമും എത്തിച്ചേരും.."
"നിരന്തരമായ സങ്കടങ്ങളില്ല.വീഴ്ചകൾ ഉയർച്ചയുടെ മുന്നോടിയാണ്.. എല്ലാ വിപത്തുകളെയും അതിജീവിക്കുന്നതാണ് മാനവ രാശിയുടെ ചരിത്രം..അന്തിമമായി ഒന്ന് മാത്രമെയുള്ളൂ...പുരോഗതി.."
ഐസ്‌ക്രീംകാരന്റെ സൈക്കിൾ മണി കേട്ടു..
"ഇപ്പോഴാ ഒന്ന് പോസിറ്റിവ് ആയത്..അപ്പോൾ.ഇന്നത്തെ ഐസ്ക്രീമും ബജിയും എന്റെ വക.."
അരുൺ പറഞ്ഞു.
"നല്ല കോമ്പിനേഷൻ..അലുവയും മത്തിക്കറിയും പോലെ.."
മുരളിയുടെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി തെളിഞ്ഞു.
"അല്ല മുരളിയേട്ടാ..ചെറിയ തിരുത്തുണ്ട്.കരടിക്കുട്ടനും കാളക്കൂറ്റനും പോലെ.."
അവർ കടൽത്തീരത്തുള്ള പീടിക ലക്ഷ്യമാക്കി നടന്നു.
© Sony Joseph