12/02/2018
ഇന്ന് വിഭൂതി തിങ്കൾ.
ചാരംപൂശി ചാക്കുടുത്ത് അനുതാപത്തിന്‍റെയും മാനന്താന്തരത്തിന്‍റെയും ചൈതന്യം പുലര്‍ത്തിയ നിനവേക്കാരെപ്പോലെ, ശിരസ്സില്‍ ചാരം പൂശിക്കൊണ്ട് സഭയും നോമ്പിലേക്ക് പ്രവേശിക്കുന്നു. ആകയാല്‍ ഇതൊരു അനുതാപശുശ്രൂഷയാണ്. വിഭൂതി തിങ്കൾ സീറോ മലബാർ പാരമ്പര്യം അനുസരിച്ച് ഉപവസിക്കാൻ നിശ്ചയിക്കപ്പെട്ട ദിവസവും കൂടിയാണ്.
"പേതൃത്താ" ഞായറിന്‍റെ പിറ്റേ ദിവസം (അതായത് തിങ്കൾ) മുതലാണു പൗരസ്ത്യ പാരമ്പര്യം അനുസരിച്ച് നോമ്പ് ആരംഭിക്കുന്നത്. ഇത് വിഭൂതി തിങ്കൾ, കരിക്കുറി തിരുനാൾ, കുരിശുവര പെരുനാൾ എന്നൊക്കെ അറിയപ്പെടുന്നു. തലേവര്‍ഷത്തെ ഓശാന ഞായറാഴ്‌ച ആശീര്‍വദിച്ച കുരുത്തോലയില്‍ നിന്നുള്ള ആശീര്‍വ്വദിക്കപ്പെട്ട ചാരം ആണ് കരി ഉണ്ടാക്കാനായി ഉപയോഗിക്കുക.
നോമ്പ്, ഉപവാസവും പ്രാര്‍ത്ഥനയും അനുതാപവും വഴി പിതാവിനെയും പുത്രനെയും അവിടുത്തെപരിശുദ്ധാത്മാവിനെയും സ്വജീവിതത്തിലൂടെ പ്രസാദിപ്പിക്കുന്നതിനുള്ള` (റാസക്രമം) കാലഘട്ടമാണ്. ചെയ്‌തുപോയ തെറ്റുകള്‍ അനുതാപത്തിന്‍റെ കണ്ണുനീരില്‍ കഴുകി ശുദ്ധരാക്കപ്പെടുവാന്‍ ശ്രമിക്കുന്നു. ഈ അനുതാപം ഉടലെടുക്കുന്നതാകട്ടെ ഉപവാസത്തിലൂടെയാണ്. ഉപവാസം എന്നാല്‍ കൂടെ വസിക്കുക എന്നാണര്‍ത്ഥം. തിരികെ വരുവാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തോടും ലോകബന്ധങ്ങളോടും വിടപറഞ്ഞ് കര്‍ത്താവിന്‍റെ കൂടെ വസിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ ലൗകികമായതിനെയെല്ലാംവെടിയുന്നു. അതോടൊപ്പം കര്‍ത്താവിനോടുകൂടെ വസിക്കുവാന്‍ പ്രാര്‍ത്ഥനയില്‍ കൂടുതല്‍ സമയംകണ്ടെത്തുന്നു.
ഇപ്രകാരം അവിടുത്തോടുകൂടെയായിരിക്കുന്നവര്‍ കൂടെ ചൂടുപിടിക്കും. അനുതാപംഎന്നാല്‍ കൂടെയിരുന്ന് ചൂടുപിടിക്കുക എന്നാണര്‍ത്ഥം. കത്തുന്ന മുള്‍പടര്‍പ്പില്‍ മോശക്കു പ്രത്യക്ഷപ്പെടുകയും അഗ്നിനാവായ് അപ്പസ്‌തോലന്മാരുടെമേല്‍ ആവസിക്കുകയും ചെയ്‌ത, ലോകത്തിന്‍റെ പ്രകാശമായി പ്രശോഭിക്കുന്ന കര്‍ത്താവിനോടു കൂടിയിരിക്കുന്നവര്‍ ചൂടുപിടിക്കും. ഈ ചൂടില്‍ അവനിലെ പാപത്തിന്‍റെ വിലകെട്ടതെല്ലാം ഉരുകിയില്ലാതാവുകയും അവന്‍റെ ആദിമ പരിശുദ്ധി തിരികെ ലഭിക്കുകയും ചെയ്യുന്നു (ഏശ 1/25).
ശിരസ്സില്‍ പൂശുന്ന ചാരം അഗ്നിയാല്‍ കുരുത്തോല എരിഞ്ഞ് ഉണ്ടായതുപോലെ ദൈവസ്‌നേഹാഗ്നിയില്‍ സ്വയം ആകര്‍ഷിതരായി അവിടുത്തോടൊപ്പമായിരിക്കുന്ന ഉപവാസത്തിലേക്കും നമ്മെ നയിക്കുന്നതിന് പ്രേരമാകണം. ഇന്നത്തെ അനുതാപശുശ്രൂഷയും അവിടെ നടത്തപ്പെടുന്ന ഭസ്‌മം പൂശലും ഇതാണ് നമ്മില്‍ വരുത്തേണ്ട പരിവര്‍ത്തനം.