03/08/2023
"ഗാന്ധിയെ വരയ്ക്കാനെളുപ്പമാണ്.
രണ്ടോ നാലോ രേഖകൾ മതി.
ഗാന്ധിയായി
വേഷം കെട്ടാനെളുപ്പമാണ്,
കെട്ടിയ വേഷങ്ങൾ
അഴിച്ചു കളഞ്ഞാൽ മതി"
കല്പറ്റ
ഒരാശയത്തെ പ്രതിരോധിക്കാൻ അത് ഏറ്റവും ശക്തമായി പറയുന്ന ആളെ ആക്രമിക്കുക. ഒരു പ്രസ്ഥാനത്തെ ആക്രമിക്കാൻ ആ പ്രസ്ഥാനത്തെ ഏറ്റവും നന്നായി പ്രതിരോധിക്കുന്നയാളെ ആക്രമിക്കുക.
സത്യാനന്തരകാലത്ത് ആശയത്തെ ആശയം കൊണ്ടു നേരിടാൻ ഉൾക്കരുത്തില്ലാത്തവർ, അവലംബിക്കുന്ന കാര്യങ്ങൾ മേൽപ്പറഞ്ഞതാവും. ഒരു പ്രസ്ഥാനത്തെ പ്രതിരോധിക്കാൻ അതിൻ്റെ ഏറ്റവും നല്ല വക്താവിനെയാവും അവർ തിരഞ്ഞെടുക്കുക. മിക്കവാറും അത് വ്യക്തിഹത്യ എന്ന ആയുധം കൊണ്ടാവും നടപ്പിലാക്കുക.
കേരള രാഷ്ട്രീയത്തിലും ഭരണനിർവ്വഹണത്തിലും കനപ്പെട്ട അടയാളങ്ങൾ തീർത്ത ഒരു രാഷ്ട്രീയ നേതാവിനെ പറ്റിയാണ് പറഞ്ഞു തുടങ്ങുന്നത്. കേരളം കണ്ട എറ്റവും മികച്ച വൈദ്യുതി മന്ത്രിമാരിൽ ഒരാൾ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ജില്ല സമ്പൂർണ്ണമായി വൈദ്യുതീകരിക്കാൻ കഴിഞ്ഞ മികച്ച വൈദ്യുത മന്ത്രി അതിനു തിരഞ്ഞെടുത്തത് പാലക്കാട്ടുപോലൊരു ജില്ലയായിരുന്നു എന്നതാണ് അതിനെ വേറിട്ടതാക്കുന്നത്. ജില്ലാ കൗൺസിൽ പ്രസിഡന്റ്, പാർലമെന്റംഗം, നിയമസഭാംഗം, 2 തവണ മന്ത്രി .
ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.ഐ എം ആക്രമിക്കപ്പെടുമ്പോൾ , അതിനെ യുക്തി കൊണ്ടും കാര്യകാരണങ്ങളും വസ്തുതകളും കൊണ്ടും രാഷ്ട്രീയ വ്യക്തതയോടെ ശാന്തമായി അദ്ദേഹം ഏറ്റവും ശക്തമായി പ്രതിരോധിക്കുന്നതിന് നമ്മളെന്നും സാക്ഷ്യം വഹിക്കാറുണ്ട്.
എസ്.എഫ്.ഐ യിലൂടെ പ്രവർത്തനം തുടങ്ങിയ ഈ ബിരുദാനന്തര ബിരുദ നിയമധാരിയുടെ ഇതുവരെയുള്ള കളങ്കമേശാത്ത രാഷ്ട്രീയ യാത്ര അദ്ദേഹത്തെ കരുത്തോടെ ഏതു വെല്ലുവിളിയും നേരിടാൻ കരുത്തനാക്കിയിരിക്കുന്നു.
ജനനം പാവപ്പെട്ട ഒരു തൊഴിലാളിയുടെ മകനായിട്ടായിരുന്നു. അതിനാൽ വായിൽ വെള്ളിക്കരണ്ടി ഇല്ലായിരുന്നു. ജാതിയിൽ ദളിതനായിരുന്നു. പക്ഷെ ജീവിച്ചു വളർന്നത് പാവങ്ങളെ അടിമകളാക്കി, അവരുടെ അദ്ധ്വാനം ചൂഷണം ചെയ്ത് തടിച്ചു കൊഴുത്ത, സമൂഹത്തിലെ ജന്മി നാടുവാഴി തമ്പുരാക്കാൻമാരെ കെട്ടുകെട്ടിച്ച കമ്യൂണിസ്റ്റു പാർടിയുടെ രക്തപതാക ഹൃദയത്തിലേറ്റിയ ഉയർന്ന വിപ്ലവകാരിയായിട്ടായിരുന്നു. ഭൂസമരത്തിൽ പങ്കെടുത്ത് ദിവസത്തോളം നീളുന്ന ജയിൽ വാസം അനുഭവിച്ചു.
അതിനാൽ ഒരു സമുദായത്തിൻ്റെ അട്ടിപ്പേറവകാശം സ്വയം പ്രഖ്യാപിത പോപ്പായി തലയിൽ വയ്ക്കുന്ന ഒരാൾക്ക് അത്തരമൊരു കമ്മ്യൂണിസ്റ്റ് നേതാവിനെ സഹിക്കാനും അംഗീകരിക്കാനും പ്രയാസമാവും. ജാതി തമ്പുരാക്കൻമാർ തിട്ടൂരവുമായി വരുമ്പോൾ "കടക്കൂ പുറത്തെന്ന്;
കൈ ചൂണ്ടി മുഖത്തു നോക്കി പറയുവാനുള്ള കരുത്ത് അദ്ദേഹത്തിന് കേരള സമൂഹം കല്പിച്ചു നൽകിയിട്ടുണ്ട്.
അത് അദ്ദേഹം CPM ൻ്റെ സമുന്നതനായ നേതാവ് എന്ന നിലയിൽ നേടിയെടുത്തതാണ്. കേരളത്തിൻ്റെ സർവ്വാദരണീയനായ പൊതുപ്രവർത്തകനും ആശയ വ്യക്തതയുള്ള രാഷ്ട്രീയ നേതാവും എന്ന നിലയിൽ നേടിയെടുത്തതാണ്.
സംഘ പരിവാറിൻ്റെ സവർണ ജാതി ബോധം തലയ്ക്കു പിടിച്ചവർ ഇകഴ്ത്തിയാൽ, കൊഴിഞ്ഞു പോകുന്ന ഒന്നും ഈ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ വ്യക്തിത്വത്തിലില്ല.
ഇതു വരെ പേരു പറയാതിരുന്നിട്ടും നിങ്ങളുടെ മനസ്സിൽ ഒരു മുഖം തെളിഞ്ഞു വന്നിരിക്കും. അത് ആ സഖാവ് ഒരു പ്രസ്ഥാനത്തിനും ആശയത്തിനും സമൂഹത്തിനും സ്വജീവിതം സമർപ്പിച്ച് നേടിയെടുത്തതാണ്. രാഷ്ട്രീയകേരളത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച ആ കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ പേര് സ. എ.കെ. ബാലൻ എന്നാണെന്ന് നിങ്ങൾക്കു മനസ്സിലായില്ലെങ്കിൽ കേരള രാഷ്ട്രീയ ചരിത്രത്തിൻ്റെ ബാലപാഠം പോലും നിങ്ങൾക്കറിയില്ല എന്നു മാത്രം കരുതുക.
ജനറൽ സെക്രട്ടറി
KSFE OU